DANGAL » A RETROSPECT
✦"ഞാൻ ബോളിവുഡിൽ ആമീർ ഖാനെയാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്." ഇപ്രകാരമൊരാൾ പറയുകയാണെന്നിരിക്കട്ടെ; നിസ്സംശയമായും അയാൾ ഒരു നല്ല സിനിമാസ്നേഹി തന്നെയായിരിക്കും. Mister Perfectionist എന്ന് ആമീർഖാനെ വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തിയില്ല. അർപ്പണബോധം, വിവേചനാബുദ്ധി, കഠിനാധ്വാനം എന്നിങ്ങനെയുള്ള പദങ്ങളുടെ സിനിമാ പര്യായങ്ങളാണ് ആമീർ ഖാൻ എന്ന നാമം പോലും.
■പത്തുവർഷങ്ങളായി ആമീർ ഖാൻ നമ്മെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എത്രത്തോളം പ്രതീക്ഷകളർപ്പിച്ചാലും, നമ്മെ നിരാശരാക്കാത്ത ഏക സൂപ്പർ താരമാണ് ഇന്ന് ആമീർ ഖാൻ. നാനാവശങ്ങളിലും പൂർണ്ണത കൈവരിച്ചുകൊണ്ടുള്ളവയാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ആമിർ ചിത്രങ്ങൾ. ആമീർ ഖാൻ productions-ന്റെ ബാനറിൽ ഡിസ്നി അവതരിപ്പിക്കുന്ന ഈ ചിത്രം, നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
■ഈ ചിത്രത്തോട് നമുക്കേവർക്കും വൻ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ
ട്രൈലറിൽ കണ്ട 'സുൽത്താനു'മായുണ്ടായ സാമ്യം, അത്തരത്തിലുള്ള ചില പ്രതീക്ഷകളെ ചെറുതായൊന്ന് മരവിപ്പിച്ചിരുന്നു. ദംഗല്‍ എന്നാൽ ഗുസ്തി മത്സരമാണ്. 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ 55 kg റെസ്ലിങ്ങ് വിഭാഗത്തിൽ സ്വർണം നേടിയ ഗീതാഫോഗട്ടിന്റെയും, അതേ ഗെയിംസിൽ തന്നെ 51 kg വിഭാഗത്തിൽ വെള്ളി നേടിയ സഹോദരി ബബിതാകുമാരിയുടെയും ജീവിതകഥയുടെ നേർ ആഖ്യാനമാണ്, 161-മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം.
»SYNOPSIS
■ഹരിയാനയിലുള്ള ഒരു ഗ്രാമത്തിലെ സാധാരണക്കാരനായ ഗൃഹനാഥനാണ് മഹാവീർ സിംഗ്. മുൻപ് റസ്ലർ ആയിരുന്ന അയാൾക്ക്, കുടുംബം പോറ്റുവാനായി അതുപേക്ഷിക്കേണ്ടിവന്നു. തനിക്കു പിറക്കാനിരിക്കുന്ന ആണ്‍കുട്ടിയെ ഗുസ്തി പരിശീലിപ്പിച്ച്, അവനിലൂടെ തന്റെ ആഗ്രഹം നിറവേറ്റണമെന്നും, ദേശീയ നേട്ടം കൈവരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ആണ്‍കുട്ടിയെ കാത്തിരുന്ന മഹാവീറിനു പിറന്നതെല്ലാം പെണ്‍കുട്ടികള്‍. തന്റെ അയൽക്കാരേയും, ഗ്രാമീണരുടെ യാഥാസ്ഥിതിക ചിന്താഗതികളേയും വെല്ലുവിളിച്ചുകൊണ്ട്, അയാൾ തന്റെ പെണ്മക്കളെ ഗുസ്തി പരിശീലിപ്പിക്കുന്നു.
👥CAST & PERFORMANCES
■കാസ്റ്റിംഗ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. എല്ലാ കഥാപാത്രങ്ങളും ഒന്നൊനൊന്നു മെച്ചം.
■മഹാവീർ സിംഗ് ഫോഗട്ട് എന്ന കഥാപാത്രമായി ആമീർ ഖാൻ മാറുകയായിരുന്നു. നായകനെ നമുക്ക് മൂന്നു വ്യത്യസ്ത ഗെറ്റപ്പുകളിൽ കാണാവുന്നതാണ്. എങ്ങനെ ഇത് സാധിക്കുന്നു എന്ന സംശയം നമുക്ക് തോന്നുക സ്വാഭാവികം. യൗവ്വനയുക്തനായ റെസ്ലർ, രണ്ടു കുട്ടികളുടെ പിതാവുകൂടിയായ ഗൃഹനാഥൻ, വാർദ്ധക്യം ബാധിച്ച, കുടവയറുള്ള, കൂർക്കം വലിക്കുന്ന, പഴയ ആരോഗ്യം നഷ്ടപ്പെട്ട വ്യക്തി എന്നിങ്ങനെ മൂന്നു വേഷങ്ങളാണ്. ഇമോഷണൽ രംഗങ്ങളിലെ പാകതയും, ഉത്തരവാദിത്തം പേറിയുള്ള ജീവിതത്തിനിടയിൽ, സ്വപ്നം നിറവേറ്റുവാനായി നെട്ടോട്ടമോടുമ്പോഴുള്ള സംഘർഷാവസ്ഥയും, വാക്കുകൾക്കതീതമായ മികവോടെ അവതരിപ്പിച്ചു.
■ഫാത്തിമ സന ഷേഖ്, സൈറ വസീം എന്നിവരാണ് ഗീത എന്ന കഥാപാത്രത്തിന് ജീവൻ പകർന്നത്. രണ്ടുപേരുടേയും പ്രകടനങ്ങളായിരുന്നു ചിത്രത്തെ പ്രചോദനാത്മകമായ ഒരനുഭവമാക്കിത്തീർത്തത്. പിതാവിനെ ഭയമുള്ള, ഒടുവിൽ ലക്ഷ്യങ്ങൾ എത്തിപ്പിടിച്ച ബാലികയായി സൈറ വസീം അതിഗംഭീര പ്രകടനമായിരുന്നു. അതിനു യോജിക്കും വിധത്തിൽ, യൗവ്വനക്കാരിയായ ഗീതയെ തികവുറ്റ വിധത്തിൽ ഫാത്തിമ സന ഷേഖ് അവതരിപ്പിച്ചു. ബബിതാകുമാരിയുടെ വേഷം സന്യ മൽഹോത്രയും നന്നായവതരിപ്പിച്ചു.
■സാക്ഷി തൻവാർ അവതരിപ്പിച്ച അമ്മവേഷവും, ഏറെ മികച്ചുനിന്നു. Aparshakti Khurrana-യുടെ ഹാസ്യസംഭാഷണങ്ങൾ ആസ്വാദ്യകരമായിരുന്നു. കോച്ചായി വന്ന ഗിരീഷ് കുക്കർണ്ണിയും, ഓംകാർ എന്ന ബാലനും വളരെ അനുയോജ്യമായ കഥാപാത്രനിർണ്ണയമായിരുന്നു.
📽TECHNICAL SIDE'S
■സേതു ശ്രീറാമിന്റെ ക്യാമറ, തിരക്കഥയുടെ ആത്മാവിനെ പ്രേക്ഷകരിലേക്കെത്തിക്കുവാൻ പര്യാപ്തമായതായിരുന്നു. മത്സരങ്ങൾ നേരിട്ടുകാണുന്ന പ്രതീതിയുണർത്തിയതോടൊപ്പം, ഗ്രാമീണതയും തന്റെ ക്യാമറയിൽ അദ്ദേഹം മനോഹരമായി ഒപ്പിയെടുത്തു. ചിത്രസംയോജനവും, കലാസംവിധാനവും ഉൾപ്പെടെയുള്ള, സാങ്കേതികവശങ്ങളെല്ലാം കറയറ്റതാണ്.
🎵🎧MUSIC & ORIGINAL SCORES
■പ്രിഥം ഒരുക്കിയ ഗാനങ്ങൾ സന്ദർഭങ്ങൾക്ക് ഒത്തവണ്ണമായിരുന്നു. എന്നാൽ വളരെ മികച്ചതെന്ന് പറയുവാൻ കഴിയില്ല. 'ദംഗൽ ദംഗൽ' എന്ന ടൈറ്റിൽ സോങ്ങ് ഗുസ്തിമത്സരത്തിന്റെ വീര്യം വഹിക്കുന്നതായിരുന്നു. 'നൈനാ കഭി ജോ' എന്നുതുടങ്ങുന്ന ഗാനം താരതമ്യേന മികവുപുലർത്തി. പശ്ചാത്തലസംഗീതം അതിഗംഭീരം. ചിത്രത്തിലെ വൈകാരികവും, സന്തുഷ്ടിനിറഞ്ഞതുമായ അവസ്ഥകൾ പ്രേക്ഷകർക്ക് അതേപടി അനുഭവേദ്യമാക്കുവാൻ പശ്ചാത്തലസംഗീതം വലിയ പങ്കുവഹിച്ചു.
»OVERALL VIEW
■ഒട്ടേറെ പ്രചോദനാത്മകമായ വിഷയങ്ങൾ പകർന്നുതരുന്ന, പൂർണ്ണതയുള്ള ഒരു ബയോഗ്രഫി. സ്പോർട്സ് ബേസ്ഡ് ചിത്രങ്ങൾക്കെല്ലാം പൊതുവേ ഒരു ശൈലിയുണ്ട്. ആ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെ, ക്ലീഷേകൾ വന്നുചേരാമായിരുന്ന വിഷയത്തെ, മികച്ച തിരക്കഥയിലൂടെ, വളരെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു.
■നായകകഥാപാത്രത്തിന്റെ ലക്ഷ്യങ്ങളും, അവ സഫലീകരിക്കുവാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. "only a boy can fulfill my dream" എന്നുചിന്തിച്ച നായകൻ, തന്റെ പെണ്മക്കളിലൂടെ ലക്ഷ്യത്തിലേക്കെത്തുവാനായി ശ്രമിക്കുകയും, അവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നതാണ് ആദ്യപകുതി. ചിത്രത്തിന്റെ ജീവരക്തം എന്നാൽ ശരിക്കും ആദ്യപകുതി തന്നെയാണ്. ദേശീയ അന്തർദേശീയ മത്സര വേദികളിലും കോമൺവെൽത്ത് ഗെയിംസിലും, നേട്ടങ്ങൾ കൈവരിക്കുവാനായി, വെല്ലുവിളികളിന്മേലുള്ള അതിജീവനമാണ് രണ്ടാം പകുതി. എന്നാൽ സമാനസ്വഭാവമുള്ള ചിത്രങ്ങളിൽ കണ്ട ചില സന്ദർഭങ്ങളുമായി രണ്ടാം പകുതിക്ക് സാമ്യതകൾ ഉണ്ട്. ക്ലൈമാക്സ് തികച്ചും തൃപ്തികരമായിത്തോന്നി. വിശേഷീച്ച് ചോദ്യങ്ങളോ ആകുലതകളോ അവശേഷിപ്പിക്കാതെതന്നെ ചിത്രം പൂർത്തീകരിക്കപ്പെട്ടു.
■ഫോക്കസ് ചെയ്യപ്പെടുന്ന എല്ലാ വിഷയങ്ങളും വേണ്ടവിധത്തിൽ പ്രേക്ഷകനോട് വിവരിച്ചുതരുന്നുണ്ട്. പൂർണ്ണമായും ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. കഥാസന്ദർഭങ്ങളിലോ വിവരണത്തിലോ ഒരൽപ്പം പോലും ഏച്ചുകെട്ടലോ അതിഭാവുകത്വം നിറഞ്ഞ രംഗങ്ങളോ ദൃശ്യമായിരുന്നില്ല. മറിച്ച്, ജീവിത യാഥാർത്ഥ്യത്തോടൊട്ടിനിന്നുകൊണ്ട്, അർഹമായ വേഗതയിൽത്തന്നെ ചിത്രം പൂർത്തീകരിക്കപ്പെട്ടു.
■ഇതൊരു സ്ത്രീപക്ഷ ചിത്രം കൂടിയാണ്. ആൺകുട്ടിയിലൂടെ മാത്രമേ നേടിയെടുക്കുവാൻ കഴിയുകയുള്ളൂ എന്ന് അത്രയും കാലം സമൂഹം വിശ്വസിച്ച തന്റെ സ്വപ്നത്തെ, പിതാവ് പെൺമക്കളിലൂടെ നേടിയെടുത്തു എന്നതും, സ്ത്രീകൾക്ക് സാന്നിധ്യമറിയിക്കുവാൻ കഴിയില്ലെന്ന് പ്രാഥമികമായി തോന്നിയേക്കാവുന്ന കാര്യങ്ങളിലേക്കുള്ള അവളുടെ എത്തപ്പെടലും, മുഴുവൻ സ്ത്രീകൾക്കും ഒരു ദൃഷ്ടാന്തം തന്നെയായി ഉതകും. ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ശൈശവവിവാഹം എന്ന അനൗചിത്യ പ്രവണതയെ ചോദ്യം ചെയ്യുവാനും സംവിധായകൻ സമയം കണ്ടു എന്നുള്ളത് അഭിമാനകരമാണ്.
■കായിക രംഗത്ത് മികവുപുലർത്തുന്നവർ എന്നും നാടിനഭിമാനമാണ്. ഒരു വ്യക്തിക്ക്, ഉയരങ്ങൾ കീഴടക്കുക എന്ന ലക്ഷ്യത്തിലേക്കെത്തുവാൻ, പ്രോത്സാഹനങ്ങളോടൊപ്പം, തീർച്ചയായും സാമ്പത്തികസഹായങ്ങളും ആവശ്യമായി വന്നേക്കാം. ഇത്തരത്തിലൊരു ആവശ്യവുമായി ധനകാര്യ സ്ഥാപനത്തിൽ ചെന്നെത്തിയ ഗൃഹനാഥന് നേരിടേണ്ടതായി വന്ന തിക്താനുഭവങ്ങളും, ചിത്രത്തിൽ അതേപടി പകർത്തിയിരിക്കുന്നു.
■കുട്ടികളായിരിക്കെ പിതാവ് മക്കൾക്ക് നൽകുന്ന പരിശീലനങ്ങൾ പ്രചോദനകരമായിരുന്നു, തത്സമയം അത് കൗതുകവും തോന്നാനിടയാക്കി. കുട്ടികളുടെ ഉത്കണ്ഠകൾ മിക്കപ്പോഴും നമ്മിൽ ചിരിയുണർത്തും. ഗീതാകുമാരി ബാലികയായിരിക്കെ, കൗമാരക്കാരനുമൊത്തു നടത്തിയ ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന ഗുസ്തിമത്സരം, തിയെറ്ററിൽ മുഴുവൻ കയ്യടിയുയർത്തി. അത്രമേൽ ആവേശജനകമായിരുന്നു.
■കോമൺവെൽത്ത് ഗെയിംസിൽ കേന്ദ്രീകരിച്ച അവസാന ഭാഗങ്ങളും വീര്യമേറിയ മത്സരങ്ങളും പ്രേക്ഷകരിൽ ആവേശമുൾനടാൻ പര്യാപ്തമായിരുന്നു. ഗെയിംസിൽ, ഗാലറിയിലിരുന്നുകൊണ്ട്, കളിക്കാരുമായി ഉറ്റവർ ആശയവിനിമയം നടത്തുന്നതിൽ അസ്വാഭാവികത തോന്നി. ക്ലൈമാക്സിലെ "ഭാരത് മാതാ കീ ജയ്" വിളിയും, ഏതെല്ലാമോ പ്രേക്ഷകരെ മാത്രം തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്ന് പറയാതിരിക്കാൻ വയ്യ.
■കായികപ്രാധാന്യമുള്ള ചിത്രം എന്നതിലേറെ, കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും ചിത്രം പ്രാധാന്യം നൽകി. പെൺകുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ, അവരുടെ സ്ത്രീസഹജമായ ചില അഭിലാഷങ്ങളും പിടിവാശിയും രസാവഹമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കട നടത്തിയ ആളുമൊത്തുള്ള രംഗങ്ങൾ രസാവഹമായിരിക്കെത്തന്നെ, ക്ലൈമാക്സിനോടടുക്കുമ്പോൾ, ഈ വ്യക്തിയുൾപ്പെട്ട രംഗങ്ങളും ചില നല്ല സന്ദേശങ്ങൾ നൽകുന്നു.
■ചിത്രത്തിലുടനീളമുള്ള സംഭാഷണങ്ങൾ വളരെ അർത്ഥവത്താണ്. "ഭയത്തെ പുറത്താക്കുക എന്നതാണ് ഗുസ്തിമത്സരത്തിലെ ആദ്യ വിജയം.ഗോദയിലേക്കിറങ്ങും മുൻപ് ഉള്ളിലെ ഭയത്തെയാണ് ആദ്യം തോൽപ്പിക്കേണ്ടത്." പതക്കം എന്നത് ഒരു കേവലാംഗീകാരമല്ല, അത് നേടുവാനായി ലക്ഷ്യബോധവും പരിശ്രമവും, ആത്മത്യാഗവും, ആത്മാർത്ഥതയും, വേണം." തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.
■എന്നിലെ പ്രേക്ഷകന് ചിത്രം പൂർണ്ണതൃപ്തി നൽകി. വരും തലമുറക്ക് മാതൃകയാക്കാവുന്ന, അല്ലെങ്കിൽ വളർന്നുവരുന്ന/നാളത്തെ സംവിധായകർക്ക് പാഠപുസ്തകമായേക്കാവുന്ന ഒരു ചിത്രമാണ് ദംഗൽ. തീർച്ചയായും ഏവരും തിയെറ്ററിൽപ്പോയി കുടുംബസമ്മേതം ചിത്രം കാണുക. മറ്റ് സൂപ്പർതാരങ്ങൾ മസാലച്ചിത്രങ്ങൾക്കു പിന്നാലെ പായുമ്പോൾ, ഇന്നത്തെ സമൂഹത്തിന് മോട്ടിവേഷൻ പ്രദാനം ചെയ്യുന്ന ഇത്തരത്തിലൊരു ചിത്രത്തിന്റെ ഭാഗമായ ആമീർ ഖാന് അഭിനന്ദനങ്ങൾ.
»RATING: ★★★★☆ (very good)
*click here: goo.gl/gNoQ4O _JOMON THIRU_*
➟വാൽക്കഷണം:
■എത്രത്തോളം പ്രതീക്ഷകളർപ്പിച്ചാലും, നമ്മെ നിരാശരാക്കാത്ത ഏക സൂപ്പർ താരമാണ് ഇന്ന് ആമീർ ഖാൻ. ചിത്രത്തിൽ, ഏതാനും സെക്കൻഡുകൾ മാത്രമുള്ള, നായകന്റെ മുൻ കാല ഓർമ്മകളെ എടുത്തുകാണിക്കുവാനായി മാത്രം ആമീർ ഖാൻ ആറുമാസത്തോളം ശ്രമം ചെയ്ത് തന്റെ ശരീരം ഒരുക്കിയിരുന്നു എന്നത് അത്ഭുതകരമാണ്. ഇന്ന് ബോളിവുഡിലെ മറ്റു താര ചിത്രങ്ങൾക്ക് അമീഖാൻ ചിത്രങ്ങളേക്കാൾ താഴെ മാത്രമാണ് സ്ഥാനം. ഓരോ ചിത്രങ്ങൾ കഴിയും തോറും, ആമീർ അത് ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പ്, ഇപ്പോൾ തുടങ്ങി ആരംഭിച്ചു.
0 comments:
Post a Comment
Thanks for commenting. Keep supporting